Monday, August 15, 2011

നവോദയയിലെ സ്വാതന്ത്രദിനങ്ങള്‍





ആഗസ്റ്റ്‌ 15 . പണ്ട് ഈ ദിവസം തുടങ്ങുന്നത് ഷൂ വെളുപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാലോചിച്ചു കൊണ്ടാണ്. തലേന്ന് രാത്രി ബ്രുഷും പൌഡറും ഷൂ പോളിഷും ചോക്ക്പൊടിയും ഉജാലയുമൊക്കെ മാറിമാറി പരീക്ഷിച്ചു 'നിറം' കെട്ട ഷൂസിനെ ഹൌസ് മിസ്ട്രസ്സുമാരുടെ കണ്ണു വെട്ടിച്ചു എം പി ഹോള്‍ വരെ എത്തിക്കാനുള്ള പാട്...
ഉടുപ്പില്‍ കുത്തിയ ദേശീയ പതാക തല തിരിഞ്ഞു പോയതിനു കേള്‍ക്കുന്ന വഴക്കുകള്‍, വഴക്ക് കേള്‍ക്കുന്നവരുടെ മുഖം കണ്ടുള്ള നിര്‍വൃതി... 'നശിച്ച' മാര്‍ച്ച് പാസ്റ്റു... പ്രസംഗങ്ങളും വെയിലും താങ്ങാനാവാതെ ഭൂമി കുലുക്കിക്കൊണ്ട്‌ നിലം പൊത്തുന്ന കൂട്ടുകാര്‍.... ദേശ ഭക്തി ഗാനങ്ങളുടെ 'മികവി' ന്‌ സമ്മാനമായി കിട്ടുന്ന എക്സ്ട്രാ ലഡ്ഡുകള്‍,,, കടലാസില്‍ പൊതിഞ്ഞു കൂട്ടുകാരന് സൂക്ഷിച്ചു വെച്ചിരുന്ന മധുരപ്പൊതികള്‍... ടി വി യില്‍ പരേഡു കാണാനുള്ള ആള്‍ക്കൂട്ടം, മുമ്പിലെ സീറ്റ് പിടിക്കാനുള്ള ഓട്ടം. പരേഡിന് ശേഷമുള്ള സിനിമകളായിരുന്നു ആകര്‍ഷണം, സിനിമകള്‍ കാണാന്‍ മുന്‍വശത്തെ ഇരിപ്പ് ഉറപ്പിക്കാന്‍ വേണ്ടി താല്പര്യമില്ലാതെയും പരേഡു മുഴുവന്‍ കാണുമായിരുന്നു. സിനിമകളെ ഇന്നത്തേക്കാള്‍ നിഷ്കളങ്കമായാണ് അന്ന് കണ്ടിരുന്നത്‌. കഥാപാത്രങ്ങളെ ഹൃദയം കൊണ്ടാണ് അറിഞ്ഞിരുന്നത്, ഒരാഴ്ചയെങ്കിലും നെഞ്ച് നോവിച്ചു കൊണ്ട് ചില കഥാപാത്രങ്ങള്‍ തങ്ങി നില്‍ക്കും, എത്ര ചെറിയ സിനിമയാണെങ്കിലും... ഇന്ന് അവയൊക്കെ 'നിലവാരം' കുറഞ്ഞവയായി തോന്നാം, ആഗസ്റ്റ്‌ 15 -കളിലെ നവോദയന്‍ സിനിമകള്‍ ഞങ്ങള്‍ക്ക് ജീവിതം അറിയലായിരുന്നു.



ഇപ്പൊ സ്വാതന്ത്രദിനങ്ങളുടെ മധുരം നഷ്ടമായി, അവധിയും പാട്ടുമൊന്നുമില്ലാതെ നമ്മളൊക്കെ 'വളര്‍ന്നു' പോയി. ഒരിക്കല്‍ക്കൂടി ഒരു ലഡ്ഡുവിനു കൈ നീട്ടാന്‍, സിനിമകള്‍ക്ക്‌ വേണ്ടി ഓടി സീറ്റ് പിടിക്കാന്‍, വെയില് കൊണ്ട് വീഴുന്നവരുടെ എണ്ണമെടുക്കാന്‍... ഒക്കെ കൊതി. വെറുതെ മോഹിക്കുവാന്‍ മോഹം...