Monday, December 6, 2010

ചിറകൊടിഞ്ഞ കിനാവുകള്‍

എന്‍റെ ബാല്യത്തിനും കൌമാരത്തിനും ഇടയിലുള്ള ജീവിതകാലത്തിനു വേദിയായത് ഉടായിപ്പുകളെയും, പുസ്തകപ്പുഴുക്കളെയും, ബുദ്ധിജീവികളെയും 3:6:1 എന്ന പ്രോപോഷനില്‍ വാര്‍ത്തെടുക്കുന്ന നവോദയ എന്ന രാജ്യത്തായിരുന്നു. അതേതു രാജ്യം എന്നാണോ?

നവോദയ എന്താണ് എന്നറിയാത്തവര്‍ക്ക്:
(ഇത് ഒരു അധികപ്രസംഗമാണ്. നവോദയ അറിയാത്തവര്‍ ബ്ലോഗുലകത്തിലോ! കഥകളുമായി അത്രയേറെ നവോദയന്‍ പാണന്മാര്‍, പാണികള്‍, സിങ്കങ്ങള്‍ ഇവിടെയൊക്കെയുണ്ടല്ലോ.)
എന്നാലും ജസ്റ്റ്‌ഫോര്‍ സേക് ഓഫ് ഹൊറര്‍, എനിക്കത് പറയണം. മലപ്പുറം നവോദയ വിദ്യാലയ അഥവാ ഊരകം മൊട്ടക്കുന്നിന്‍ മുകളിലെ സാമ്രാജ്യം! കേന്ദ്ര ഗവണ്മെന്റിന്റെ ചെലവില്‍ ഏഴു കൊല്ലം ഉണ്ടും ഉറങ്ങിയും വളരാന്‍ നിര്‍ബന്ധിത അനാഥത്വം സ്വീകരിക്കുന്ന പത്തെഴുപത്‌ പേര്‍ ബാല്യവും കൌമാരവും ചെലവഴിക്കുന്ന ഒരു ഭയങ്കര സെറ്റപ്പ്! ഓരോ ബാച്ചിലും പത്തെഴുപത്‌ പേര്‍ വച്ച് ആറു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കുറെയെണ്ണം -- പല സൈസും, പ്രോപര്‍ടീസും ഉള്ളവ. ഇവറ്റകളെ മേയ്ക്കാന്‍ പത്തമ്പത് ടീച്ചര്‍മാര്‍ (സാറന്മാരും ഉണ്ടേ) വീടും കുടിയും ഒക്കെയായി ഇതിനകത്ത് തന്നെ. കയറിവരുന്ന മുതലുകള്‍ക്ക് കൈയ്യില്‍ ഒരു പട്ടാളപ്പെട്ടിയും, രണ്ടു ബക്കറ്റും അനുവദനീയം.
ട്രങ്കിനകത്തു ഉടുതുണി കണ്ണാടി, ചീപ്പ്, എന്നിവ മാത്രമേ കാണാവൂ എന്നാണു ചട്ടം. ഭക്ഷണ വസ്തുക്കള്‍ banned ആണ്. അഥവാ ഉണ്ടെങ്കില്‍ ഹൌസിലെത്തുമ്പോഴേക്കും അത് ഇല്ലാതാകും. പിന്നെ, മറുതുണി (യുണിഫോം), സോപ്പ്, എണ്ണ, പേസ്റ്റ്, ഷൂ, പുസ്തകം, പേന, മഷി, ചൂല്, പ്ലേറ്റ്, ഗ്ലാസ്സ്, സ്പൂണ്‍, തുടങ്ങി ഒരാള്‍ക്ക്‌ ജീവിച്ചു പോകാനുള്ളതെല്ലാം സര്‍ക്കാര്‍ വക റേഷന്‍. അപ്പനും അമ്മയും റേഷനിലില്ല.


**************************************************


ആഗോള പ്രശസ്തി കാരണം തല്ലു കൊണ്ട് ചാവാറായ പരുവത്തിലാണ് പൂതന എന്ന ഞാന്‍ നവോദയ എന്ന പ്രസ്ഥാനത്തെപ്പറ്റി കേള്‍ക്കുന്നത്. വീട്ടുകാര്‍ ശല്യം ഒഴിവാക്കാനും, ഞാന്‍ ഇനി അമ്മയുടെ തല്ലു കൊള്ളാതിരിക്കാനും, എന്നെ കാണാതെ 'തള്ള' പശ്ചാത്തപിക്കട്ടെ എന്ന് കരുതിക്കൊണ്ടും, 'എന്‍റെ സൂര്യപുത്രിയ്ക്ക്' എന്ന സിനിമയുടെ സ്വാധീനം കൊണ്ടും, ( സ്വാധീനം കുറേക്കാലം മുമ്പേ ഉള്ളില്‍ ഉണ്ടായിരുന്നു. അതിനെപ്പറ്റി ഒരു പോസ്റ്റ്‌ ഒരിക്കല്‍ ഇടാം) അതിലെ അമലയെപ്പോലെ ഹോസ്റ്റലിന്റെ മതില് ചാടാം എന്നുള്ള ആഗ്രഹം കൊണ്ടും, പഠിക്കാന്‍ തീരെ ഇന്ടരസ്റ്റ്‌ ഇല്ലാഞ്ഞിട്ടും പുറത്തൂര്‍ പഞ്ചായത്തിലെ ഗര്‍ജ്ജിക്കും സിംഹമായ സാക്ഷാല്‍ രാഘവന്‍ പിള്ള മാഷിന്റടുത്ത് ട്യൂഷന് പോയും, മാഷ്‌ പേപ്പര്‍ കാണില്ല എന്നറിയാമായിരുന്നിട്ടും കറക്കിക്കുത്തിയാല്‍ കൊന്നു കളയും എന്ന് ഭയന്നും മറ്റും വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഞാന്‍ അര-ജീവപരന്ത്യത്ത്തിനു എത്തുന്നത്.
അങ്ങനെ ഫോണിലൂടെ പ്രവാസിയായ പിതാവ് ശ്രീമാനോടും, വീട്ടിലിരിക്കുന്ന പിതാമഹി കല്യാണിയമ്മയോടും, രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിപ്പിശാശിനോടും, ജട്ടി ഇട്ടു, ഇട്ടില്ല മട്ടില്‍ ഹാപ്പിയായി നടക്കുന്ന ഏറ്റവും ഇളയ കുട്ടിപ്പിശാശിനോടും യാത്ര പറഞ്ഞ്‌, ഇതായിരിക്കും പൂതനാമോക്ഷം എന്ന് പ്രതീക്ഷിച്ചു, അമ്മയുടെ അച്ചന്റെ ട്രങ്ക് പെട്ടിയെ പച്ച കളറടിപ്പിച്ചു പുത്തനാക്കി പാക്ക് ചെയ്തു, 'അടിച്ചുപൊളിയുടെ' സുന്ദര സ്വപ്നങ്ങളുമായി ഞാന്‍ വീട് വിട്ടിറങ്ങി. പറയാന്‍ വിട്ടു, നവോദയയിലേക്ക് കൂടെ ഒരു കൂട്ടുകാരി കൂടി ഉണ്ട്. ട്യൂഷന്‍ ക്ലാസിലെ കൂട്ടുകാരി മണ്ടുമോള്‍ സി. പി. ഞങ്ങള്‍ അത്ര ക്ലോസായ ഫ്രന്‍സ് അല്ലെങ്കിലും ഇനിയങ്ങോട്ട് ക്ലോസാകുമല്ലോ.
മണ്ടുമോളും ഞാനും വരാന്‍ പോകുന്ന ദിവസങ്ങളില്‍ 'രാപ്പാടി പക്ഷിക്കൂട്ടം' പാടി തുള്ളിച്ചാടി നടക്കുന്നത് സ്വപ്നം കണ്ടു കൊണ്ടിരുന്ന ഞാന്‍ യാത്രയുടെ ദൈര്‍ഖ്യം അറിഞ്ഞതേയില്ല.
വഴിയ്ക്ക് വെങ്ങരയില്‍ വണ്ടി നിര്‍ത്തി അമ്മയും ഞാനും ഒരു ബേക്കറിയില്‍ കയറി. പരിചയമില്ലാത്തത്ര സ്നേഹത്തോടെ അമ്മ 'വാ' എന്ന് വിളിച്ചപ്പോ, എന്നെത്തന്നെയാണോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കി. അതെ, എന്നെത്തന്നെ. ചാടിയിറങ്ങി അകത്തേയ്ക്ക് ചെന്നപ്പോള്‍, ഇന്നും രോമാന്ജമുണ്ടാക്കുന്ന വാക്കുകള്‍ ഞാന്‍ കെട്ടു.
"പൂതന മോളെ, എന്ത് വേണമെങ്കിലും പറഞ്ഞോ, വാങ്ങിത്തരാം." ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി, രണ്ടും നിറഞ്ഞിരുന്നു.
അമ്മയുടേത് പുത്രീദു:ഖം കൊണ്ടും, എന്റേത് അവിശ്വസനീയത കൊണ്ടും (മുമ്പൊരിക്കല്‍ ബേക്കറിയിലേക്ക് നോക്കി വെള്ളമിറക്കി നിന്നതിനു പൊതുജനമധ്യത്തില്‍ വെച്ച് എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പല്ലിരുമ്മുകയും, വീട്ടിലെത്തിയപ്പോള്‍ എന്‍റെ കണ്ട്രോളില്‍ ഉണ്ടായിരുന്ന കുട്ടിപ്പട്ടാളത്തിന്റെ മുമ്പിലിട്ടു എന്നെ കേരള പോലീസ് സ്റ്റൈലില്‍ പോതുക്കുകയും ചെയ്ത മൈ ഓണ്‍ മദര്‍ തന്നെയാണോ ഇത്? അമര്ത്തിച്ച്ചിരിക്കുന്ന ഗാംഗ് മെംബേഴ്സിനെ അന്ന് തന്നെ ഞാന്‍ പിരിച്ചു വിട്ടു, വി ആര്‍ എസ്സും എടുത്തു). ഏതായാലും അമ്മയുടെ ഔദാര്യത്തെ ഞാന്‍ മാക്സിമം ചൂഷണം ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. ഒരു ശ്വാസം ഉള്ളിലെക്കെടുത്തു ഞാന്‍ പറഞ്ഞു തുടങ്ങി -- "ഒരു കിലോ ലഡ്ഡു, ഒരു കിലോ മിക്സ്ചര്‍, രണ്ടു...." -- "മോളെ.." - വിളറിയ മുഖത്തോടെ അമ്മ. "ങേ, പിന്നേം മൂഷികസ്ത്രീ ആയോ?" അതല്ല. അമ്മയ്ക്ക് ഒരു സംശയം. സംഗതി സ്മഗ്ലിംഗ് ആണ്. ലിസ്റ്റില്‍ ഈ വക തീറ്റസാമാനങ്ങള്‍ നിരോധിതമാണ്. പിടിക്കപ്പെട്ടാല് പ്രശ്നമാകും.
"തല്‍കാലം ലഡ്ഡു പോരെ?"
"മതി"
ലഡ്ഡു എങ്കില്‍ ലഡ്ഡു. ഒരു കിലോ ലഡ്ഡു ഞാന്‍ ട്രങ്കിലെ തുണികള്‍ക്കിടയില്‍ ഭദ്രമായി ഒളിപ്പിച്ചു. 45 ഡിഗ്രി ചരിവില്‍ ഞങ്ങളുടെ വാഹനം ഊരകമല കയറി. കൊള്ളാം, നല്ല സെറ്റപ്പ്. പ്രകൃതി രമണീയതയ്ക്ക് ഭംഗം വരുത്താന്‍ ഒരു ചായക്കട പോലുമില്ല. ഇടയ്ക്ക് രണ്ടായിത്തിരിയുന്ന ഒരു റോഡ്‌. ഒരെണ്ണം താഴേക്കു, വേറൊരെണ്ണം മുകളിലേക്ക് -- മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങള്‍ --

Ministry of Human Resources Development
Jawahar Navodaya Vidyalaya
Malappuram
Oorakam
Keezhmuri


മണ്ടുമോളുടെ മുഖത്തൊരു ഞെട്ടല്‍. താഴോട്ടു പോകുന്ന മറ്റേ റോഡിലൂടെ 'രാക്കോലം വന്നതാണേ' പാടിക്കൊണ്ട് എന്‍റെ മനസ്സ് തുള്ളിച്ചാടി പോയി.

പ്രവേശനോല്‍സവ കാഴ്ചകള്‍
നവോദയയുടെ പരിസരത്ത് കടുകുഭരണി വീണു പൊട്ടിയ കണക്കു പത്തും പതിനൊന്നും വയസ്സുള്ള ആണും പെണ്ണും ഒരു ട്രങ്ക് പെട്ടിയുടെയും രണ്ടു ബക്കറ്റിന്റെയും ഒരു മഗ്ഗിന്റെയും രണ്ടു ഉടമകളുടെയും കൂടെ അന്തം വിട്ടു എങ്ങോട്ട് പോകണം, എന്ത് ചെയ്യണം എന്നറിയാതെ ചിതറിത്തെറിച്ചു കിടക്കുന്നു. ഉടമകള്‍ സ്ഥലം വിടുന്ന മുറയ്ക്ക് ഉറുമ്പുകള്‍ ചുമന്നു കൊണ്ട് പോകുന്ന പോലെ അഞ്ചാറു പേര്‍ ചേര്‍ന്ന് ഒരു കടുക്മണിയെ പൊക്കിയെടുത്തു കൊണ്ട് ഹോസ്റ്റല്‍ (ഹിയരാഫ്ടര്‍ ഹൌസ്) ലക്ഷ്യമാക്കി നീങ്ങുന്നു. ബാക്ക് ഗ്രൗണ്ടില്‍ 'അയ്യോ, അമ്മേ, എന്നെയിട്ടിട്ട് പോവല്ലേ... ഞാനും വരണേ... എന്നെ വിടടാ...' തുടങ്ങിയ ലിറിക്സ് ഉള്ള ഒരു ഗാനവും ചിലയിടത്ത് സ്പെഷ്യല്‍ എഫക്ട്സും. ഇതൊക്കെ കണ്ടും കേട്ടും അടക്കിച്ചിരിക്കുന്ന പഴുത്ത പ്ലാവിലകളെയും, കണ്ണുരുട്ടി കരയാന്‍ മുട്ടി നില്‍ക്കുന്ന പച്ച പ്ലാവിലകളെയും കാണാം. ഇതിനൊക്കെ ഇടയില്‍ പുതിയവന്റെ ട്രങ്ക് പെട്ടിയും ബക്കറ്റും ചുമന്നു കൊണ്ട് വേറൊരു ഗ്രൂപ്പ്‌ മുമ്പരുടെ പിറകെ പോകുന്നു.

കരയുന്നവരെയും കണ്ണീരടക്കുന്നവരെയും പുച്ചിച്ചുകൊണ്ട് കാഴ്ചകളൊക്കെ കണ്ടു 'സുജായി'യായി നടക്കുകയാണ്. വെളുത്തു മെലിഞ്ഞ മംഗ്ലീഷു പറയുന്ന ടീച്ചറാണ് ഹൌസ് മിസ്ട്രസ്സ് -- സുജാത മിസ്സ്‌. കൊള്ളാം, നല്ല ഭംഗിയുള്ള ചിരി, ഇവരെ പറ്റിച്ചു മതില് ചാടാന്‍ എളുപ്പമാണ്. എവിടെയായിരിക്കും ഹൌസ്? ട്രങ്കും ബക്കറ്റുമൊക്കെയെടുത്തു മുമ്പേ നടന്നു ഏഴാം ക്ലാസ്സിലെ 'ചേച്ചിമാര്‍' എന്നേം അമ്മയെയും മണ്ടുമോളെയും അമ്മയെയും ഹൌസിലേക്ക് ആനയിച്ചു.

രണ്ടു-രണ്ടര ഏക്കര്‍ വിസ്താരമുള്ള ഒരു ഗ്രൌണ്ട് (എന്തിനാണാവോ?). അതിന്റെ ഒരു വശത്ത് ഒരു കുഞ്ഞു കുന്ന് (അതെനിക്കിഷ്ടപ്പെട്ടു, വലിഞ്ഞു കയറാം). ഭൂപ്രദേശം അത്ര പോര. മണ്ണ് കാണുന്നില്ല, കമ്പ്ലീറ്റ് പാറകള്‍. നേരെ നടക്കാന്‍ തന്നെ വിഷമം. പൂഴിമണ്ണില്‍ ഓടിക്കളിച്ചു കൊണ്ട് ഒരു കടലോരഗ്രാമത്തില്‍ കഴിഞ്ഞിരുന്ന പൂതുമോള്‍ പറിച്ചു നടലിന്റെ വേദന അറിഞ്ഞുതുടങ്ങുകയായിരുന്നു. (സെന്റി, സെന്റി)
അത് വിട്, ഞങ്ങളുടെ നടത്തം അവസാനിച്ചത്‌ മൈസൂര്‍ പാക്ക് അടുക്കി വെച്ചിരിക്കുന്നത് പോലെ കിടക്കുന്ന കുറേ മഞ്ഞ കെട്ടിടങ്ങള്‍ക്ക് മുമ്പിലാണ്. വല്ല ഗോഡൌനും ആയിരിക്കും.
ചേച്ചിമാര്‍ കയറിപ്പോകുന്നത്‌ അങ്ങോട്ടാണല്ലോ! എനിക്കെന്തോ പന്തികേട്‌ തോന്നി. പുറകെ ഞങ്ങള്‍ വെച്ചു പിടിച്ചു. ഉണങ്ങാത്ത തുണികളുടെയും തലമുറകളുടെ മൂത്രത്തിന്റെയും,
അതിനു മുകളില്‍ ഒഴിച്ച ഫെനോയിലിന്റെയും പിന്നെ തിരിച്ചറിയാന്‍ പറ്റാത്ത എന്തിന്റെയൊക്കെയോ 'മണ' മുള്ള ഒരു ഒരു ചെറിയ വരാന്തയുടെ ഇരുവശത്തുമായി വാതിലുകള്‍. അവയ്ക്ക് മുകളില്‍ സ്കെച്ച് കളറുകളുടെ ഒരു കൊളാഷ് -- ഇന്ദിരാ ഹൌസ് . ഡോര്‍മെട്രി 1, ഡോര്‍മെട്രി 2.
ഒന്നാമത്തെ മുറിയിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. നേരത്തെ മണം ഡബിള്‍ സ്ട്രോങ്ങില്‍. വാഹ്‌! വാട്ട് എ സീന്‍! 14 ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍. അവയ്ക്കിടയിലൂടെ ഒരാള്‍ക്ക് (പത്ത് വയസ്സുള്ള ഒരാള്‍ക്ക്‌) നെഞ്ച് വിരിച്ചു നടക്കാം, രണ്ടാമന്‍ എതിരെ വരുമ്പോള്‍ ചെരിഞ്ഞു നിന്ന് ഇത്തിരി ഭവ്യതയാവാം. ഇല്ലെങ്കില്‍ രണ്ടു പേരും പോകില്ല. ജനല്‍ക്കമ്പികളില്‍ airholes ഉള്ള ജട്ടികളുടെയും, കഴുകി വെളുക്കാത്ത സോക്സുകളുടെയും മഞ്ഞ പെറ്റിക്കോട്ടുകളുടെയും കര്‍ട്ടന്‍. തുളകളിലൂടെ അരിച്ചിറങ്ങുന്ന പകല്‍ വെളിച്ചത്തില്‍, മുമ്പ് കണ്ട 'പുറപ്പാട്' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗം -- അതിലെ ഉരുള്‍ പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവരെപ്പോലെ ട്രങ്ക് പെട്ടികള്‍ക്കു മുകളില്‍ വിഷണ്ണരായിരിക്കുന്ന 'നവ ഉദയങ്ങള്‍' (വിത്ത് 2 ബക്കറ്റ്സ്, മഗ്ഗ്).
മരണത്തിനു തൊട്ടു മുമ്പ് സീസര്‍ ബ്രൂട്ടസ്സിനെ നോക്കിയ അതേ നോട്ടം ഞാനെന്റെ അമ്മയെ നോക്കി -- വിത്തൌട്ട് ഡയലോഗ്. ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല. പിന്നെ അവിടെ കേട്ടത് കരിങ്കല്‍ഹൃദയരെപ്പോലും പോട്ടിക്കരയിക്കുന്ന ഒരു ശോകഗാനമാണ്. "അയ്യോ... അമ്മേ... എന്നെക്കൊണ്ട്പോണേ... ഞാനും വരണേ..."



പിന്കുറിപ്പ്:
എന്‍റെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു. എന്‍റെ സ്വന്തം റൂമിന്റെ ചുമരിലോട്ടിക്കാന്‍ വേണ്ടി ഞാനെന്റെ ട്രങ്ക് പെട്ടിയില്‍ കൊണ്ട് വന്ന ബാലഭൂമിയിലെ 'സിംബ'യുടെ ചിത്രം കുറേക്കാലം കഴിഞ്ഞപ്പോ ചിതല് തിന്നു പോയി. ഹൌസിനു ചുറ്റും മതിലില്ലെന്നും ജയില്‍മതില്‍ക്കെട്ടിന്റെ ഒരു വശം കൊക്കയാണ് എന്നും ഏറെത്താമസിയാതെ ഞാനറിഞ്ഞു. 'എന്‍റെ സൂര്യപുത്രി' യുടെ ക്ലൈമാക്സ് രംഗം പോലെ ചുമര് ചാരി വിദൂരതയിലേക്ക് നോക്കി ഞാന്‍ അമല മോഹം പൂര്‍ത്തീകരിച്ചു.

**************************************************

സമര്‍പ്പണം: അന്ന് സന്ധ്യയ്ക്ക്, എന്‍റെ ഒരു കിലോ ലഡ്ഡു 'ടീച്ചര്‍മാര്‍ കൊണ്ടുപോകും' എന്ന് പറഞ്ഞു വിതരണം ചെയ്തു സാപ്പിട്ട കണ്ടാലറിയാത്ത ചേച്ചിമാര്‍ക്കു ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. പിറ്റേന്ന് മുതല്‍ ആര്‍ക്കും വീതം വെക്കാത്ത പലഹാരങ്ങള്‍ പലരും സ്വന്തം പെട്ടിയില്‍ നിന്നെടുത്തു തിന്നു, എന്‍റെ ദയനീയ സാന്നിധ്യത്തില്‍.

Sunday, December 5, 2010

പൂതനാചരിതം -- ഒന്നാം ഖണ്ഡം (അവതാരം)

ഏത് ചരിത്ര കഥയ്ക്കും മുമ്പ്‌ ഒരു ചെറിയ വിവരണം വേണമല്ലോ. 'പഴശ്ശിരാജാ' സിനിമ തുടങ്ങുമ്പോ മോഹന്‍ലാല്‍ പറയുന്ന സംഗതി. ബ്ലോഗിനുമുണ്ട് ഒരു introduction.

കഥ ഇത് വരെ:
കഥ നടക്കുന്നത് കടലിനക്കരെയാണ്. ഒരു പ്രവാസമണം അടിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്ക്ക് തെറ്റി. ഇത് പ്രവാസത്തിന്റെയല്ല; ഒരു പ്രസവത്തിന്റെ കഥയാണ്. സാദാ പ്രസവമല്ല; ഒരു ആക്ഷന്‍ ത്രില്ലര്‍!

അബുദാബിയിലെ മണലാരണ്യങ്ങളില്‍ ഉള്ള ദിര്‍ഹം എണ്ണിപ്പെറുക്കി, വലിയ അല്ലലില്ലാതെ ജീവിച്ചിരുന്ന ഒരു കൊച്ചു കുടുംബം -- ഒണ്‍ലി ടൂ അംഗംസ്.

അംഗം 1: മി. ശ്രീമാന്‍. അമ്മ, പെങ്ങന്മാര്‍, പുര, തുടങ്ങിയ പതിവ് പ്രാരാബ്ധങ്ങള്‍ ചുമന്നു കടല് കടന്നു വന്ന യുവാവ്. അത്യാവശ്യം നടു നിവര്‍ന്നപ്പോള്‍ ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും വിവാഹം കഴിച്ചു.
അംഗം 2: മിസ്സിസ് ശ്രീമതി. മേല്‍പ്പറഞ്ഞ യുവാവിന്റെ ധര്മപത്നി. ഒമ്പതാം ക്ലാസ്സും ഗുസ്തിയും മദിരാശി വരെയുള്ള ലോകം കണ്ട പരിചയവും മാത്രം കൈമുതലായി രണ്ടു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം കണ്ട കണവന്റെ കൂടെ പൊറുതി തുടങ്ങാന്‍ മരുഭൂമിയില്‍ എത്തി മാസങ്ങളായതെയുള്ളൂ.

ഈ ഗള്‍ഫ്‌, ഗള്‍ഫ് എന്ന് പറയപ്പെടുന്ന സ്ഥലം മദിരാശി മാതിരിയല്ല എന്ന് അധികം താമസിയാതെ ശ്രീമതിയ്ക്ക് മനസ്സിലായി‌. ചൂടില്‍ മദിരാശിയെ വെല്ലുന്ന ഗള്‍ഫ്! ഗൃഹാതുരതയും home sickness ഉം വല്ലാതെ വീര്‍പ്പു മുട്ടിച്ചെങ്കിലും ഫര്ത്താവ് കൂടെയുള്ളത് കൊണ്ട് ജാതകത്തിലെ പ്രവാസയോഗം ഹാപ്പിയായി കടന്നു പോയി.
അങ്ങനെ മധുവിധു പൊടിപൊടിക്കുമ്പോഴാണ്‌ അവര്‍ക്കിടയിലേക്ക് ഇടിത്തീ പോലെ ഒരു ഇരട്ടഗര്‍ഭം വരുന്നത്. കപ്പിള്‍സ് ഖുശി-ഖുശി! നാട്ടിലുള്ള ബന്ധുമിത്രാദികളും ഖുശി-ഖുശി! ഇനിയിപ്പോ കുറച്ചു കാലത്തേക്ക് 'വിശേഷ' സംബന്ധിയായ ചോദ്യങ്ങള്‍ ഒഴിവാക്കാമല്ലോ.
ചര്‍ദിയും, പുളിമാങ്ങയുമോക്കെയായി ഗര്‍ഭത്തിന്റെ ആദ്യസന്ധി കടന്നു പോയി. ഇത് ഇരട്ടഗര്‍ഭമല്ല പരട്ടഗര്‍ഭമാണെന്ന് ശ്രീകള്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.
അഞ്ചാറു മാസമായപ്പോഴേ അകത്തുള്ളവരുടെ സ്വഭാവം mummy-and-daddy-in-the-making നു മനസ്സിലായി . mute mode ഇല്‍ മൂന്നാം ലോകമഹായുദ്ധം. 'അഹമഹമികയാ ' എന്നതാണ് motto. ജനിക്കും മുമ്പേ തന്നെ സന്തതികളുടെ ഗ്രൂപ്പ് വഴക്ക് കെട്ടു ശ്രീമാനും ശ്രീമതിയും തലയില്‍ കൈവച്ചിരുന്നുപോയി !
പ്രസവത്തിനിനിയും സമയമുണ്ടല്ലോ എന്ന് കരുതി പാവം ശ്രീമാന്‍ monetary planning നടത്തിയിരുന്നില്ല. ഗത്യന്തരമില്ലാതെ Corniche Hospital ലേക്കോടി. ഡോക്ടര്‍മാര്‍ അന്തം വിട്ടു. ഇതെന്തരു ഗര്‍ഭം!
അകത്തു നടക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ പ്രശ്നം എന്താണെന്ന് മനസ്സിലാവണ്ടേ? ഭാഷയറിയാത്ത അറിവില്ലാപ്പൈതങ്ങള്‍ (വിവരം കെട്ട വഹകള്‍) -- ഇവറ്റകളോട് ആര് mediate ചെയ്യും? എങ്ങനെ?

യുദ്ധം മുറുകി. പെറാതിരിക്കാന്‍ ഡോക്ടര്‍മാര്‍ പണി പതിനെട്ടും നോക്കി. ഭാര്യയെ തല കീഴായി കെട്ടിത്തൂക്കിയ അവസ്ഥ വരെ എത്തി എന്ന് ശ്രീമാന്‍ മൊഴി. തോല്‍വി സമ്മതിച്ചു ഭിഷഗ്വരന്മാര്‍ മൊഴിഞ്ഞു: "മി. ശ്രീമാന്‍, പ്രസവം തടയാന്‍ നോ രക്ഷ! ആളപായം ഒഴിവാക്കാന്‍ ഇനിയിപ്പോ ജനുവരി വരെ കാത്തു നില്‍ക്കാന്‍ പറ്റില്ല."
അങ്ങനെ, 1985 ഒക്ടോബര്‍ 20 ന്‌ 900 വും 960 ഉം ഗ്രാം തൂക്കമുള്ള രണ്ടു ചാവാലി പെണ്‍കുഞ്ഞുങ്ങള്‍ കാലം തെറ്റി ഭൂജാതരായി. ഒരു കോഴിക്കുഞ്ഞിന്റെ കനം പോലുമില്ലാത്ത രണ്ടിനേം ജീവനോടെ കിട്ടില്ലെന്ന് ഉറപ്പായി. പക്ഷെ, കൊച്ചുങ്ങളില്‍ ഒന്നിന് ഡാര്‍വിനെ അറിയാമായിരുന്നു. (Survival of the fittest.)
ബ്രോയലര്‍ കുഞ്ഞു ജീവിച്ചു. അക്രമപരമ്പരകളുടെ കാഠിന്യം കണക്കിലെടുത്ത് ഒരു കുഞ്ഞിനു അവര്‍ 'പൂതന' എന്ന് നാമകരണം ചെയ്തു.

*********************************************

പൂതനാചരിതം ഒന്നാം ഖണ്ഡം. ഇതെന്‍റെ ആത്മകഥയാണ്. വായിക്കുമ്പോള്‍ പലതും (ചിലപ്പോള്‍ മുഴുവനും) നിങ്ങള്ക്ക് 'ചളി' ആയി തോന്നാം. ഞാനത് കാര്യമാക്കുന്നില്ല. എന്നെക്കൊണ്ട് ഇതൊക്കെ പറയിച്ചേ അടങ്ങൂ എന്ന്പറഞ്ഞ നിര്‍ബന്ധബുദ്ധികള്‍ ദു:ഖിക്കട്ടെ. No elephant can recover lost sense എന്ന് മാത്രമേ എനിക്കവരെ ഓര്‍മിപ്പിക്കാനുള്ളൂ.

സമര്‍പ്പണം: ഈ കന്നി പോസ്റ്റ്‌, ജനിക്കും മുന്‍പ് ഞാനേറെ ഉപദ്രവിച്ച, ഒരിക്കലും കാണാതെ പോയ ഇരട്ട സഹോദരിയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു (സെന്റി, സെന്റി). എന്നെപ്പോലെ ഒരെണ്ണം കൂടി ജനിക്കാതിരുന്നത് നന്നായി എന്ന് ആത്മാര്‍ഥമായി അഭിപ്രായപ്പെട്ട സുഹൃത്തുക്കള്‍ക്കും സമര്‍പ്പണത്തിന്റെ പങ്കു പറ്റാവുന്നതാണ്.



യാത്രിയോം പ്രത്യാജ്നാ ദീജിയേ...

ബ്ലോഗനയ്ക്കും തൊഴില്‍ സംബന്ധമായി ഇംഗ്ലീഷ് ബ്ലോഗുകള്‍ തെരയുകയും ചെയ്യുന്നതിനപ്പുറം എഴുത്ത് ഒരു ഉദ്ദേശമായിരുന്നില്ല. എഴുതാതിരുന്നതു കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല; എഴുതുന്നത്‌ കൊണ്ടും. :) ഏതായാലും ആര്‍ക്കും എന്നെക്കുറിച്ച് പുതുതായി ഒരു ഇമ്പ്രഷന്‍ ഇനി ഉണ്ടാവുകയില്ല. അപ്പോപ്പിന്നെ എന്തിന് താമസിക്കണം! ചുമ്മാ കുത്തിക്കുറിക്കാം...

പേര്: പൂതന.
ജനനം മുതലുള്ള കഥകള്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശ്യം. വീര കഥകള്‍ വിളമ്പുന്നതിനിടെ വല്ല മാന്യന്മാരുടെയും മുഖം മൂടികള്‍ എങ്ങാനും ചീന്തിപ്പോയാല്‍... സാരമില്ലെന്നു വച്ചേക്കുക. കേസ് കൊടുക്കരുത്, പ്ലീസ്...

അപ്പൊ

എടന്മാരെ, എടികളെ, ഗടികളെ...
ഞാന്‍ ഇടതുകാല്‍ എടുത്തു വയ്ക്കുകയാണ്.
ലാല്‍ സലാം!
കൂവി പ്രോത്സാഹിപ്പിച്ചാലും...