Sunday, December 5, 2010

പൂതനാചരിതം -- ഒന്നാം ഖണ്ഡം (അവതാരം)

ഏത് ചരിത്ര കഥയ്ക്കും മുമ്പ്‌ ഒരു ചെറിയ വിവരണം വേണമല്ലോ. 'പഴശ്ശിരാജാ' സിനിമ തുടങ്ങുമ്പോ മോഹന്‍ലാല്‍ പറയുന്ന സംഗതി. ബ്ലോഗിനുമുണ്ട് ഒരു introduction.

കഥ ഇത് വരെ:
കഥ നടക്കുന്നത് കടലിനക്കരെയാണ്. ഒരു പ്രവാസമണം അടിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്ക്ക് തെറ്റി. ഇത് പ്രവാസത്തിന്റെയല്ല; ഒരു പ്രസവത്തിന്റെ കഥയാണ്. സാദാ പ്രസവമല്ല; ഒരു ആക്ഷന്‍ ത്രില്ലര്‍!

അബുദാബിയിലെ മണലാരണ്യങ്ങളില്‍ ഉള്ള ദിര്‍ഹം എണ്ണിപ്പെറുക്കി, വലിയ അല്ലലില്ലാതെ ജീവിച്ചിരുന്ന ഒരു കൊച്ചു കുടുംബം -- ഒണ്‍ലി ടൂ അംഗംസ്.

അംഗം 1: മി. ശ്രീമാന്‍. അമ്മ, പെങ്ങന്മാര്‍, പുര, തുടങ്ങിയ പതിവ് പ്രാരാബ്ധങ്ങള്‍ ചുമന്നു കടല് കടന്നു വന്ന യുവാവ്. അത്യാവശ്യം നടു നിവര്‍ന്നപ്പോള്‍ ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും വിവാഹം കഴിച്ചു.
അംഗം 2: മിസ്സിസ് ശ്രീമതി. മേല്‍പ്പറഞ്ഞ യുവാവിന്റെ ധര്മപത്നി. ഒമ്പതാം ക്ലാസ്സും ഗുസ്തിയും മദിരാശി വരെയുള്ള ലോകം കണ്ട പരിചയവും മാത്രം കൈമുതലായി രണ്ടു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം കണ്ട കണവന്റെ കൂടെ പൊറുതി തുടങ്ങാന്‍ മരുഭൂമിയില്‍ എത്തി മാസങ്ങളായതെയുള്ളൂ.

ഈ ഗള്‍ഫ്‌, ഗള്‍ഫ് എന്ന് പറയപ്പെടുന്ന സ്ഥലം മദിരാശി മാതിരിയല്ല എന്ന് അധികം താമസിയാതെ ശ്രീമതിയ്ക്ക് മനസ്സിലായി‌. ചൂടില്‍ മദിരാശിയെ വെല്ലുന്ന ഗള്‍ഫ്! ഗൃഹാതുരതയും home sickness ഉം വല്ലാതെ വീര്‍പ്പു മുട്ടിച്ചെങ്കിലും ഫര്ത്താവ് കൂടെയുള്ളത് കൊണ്ട് ജാതകത്തിലെ പ്രവാസയോഗം ഹാപ്പിയായി കടന്നു പോയി.
അങ്ങനെ മധുവിധു പൊടിപൊടിക്കുമ്പോഴാണ്‌ അവര്‍ക്കിടയിലേക്ക് ഇടിത്തീ പോലെ ഒരു ഇരട്ടഗര്‍ഭം വരുന്നത്. കപ്പിള്‍സ് ഖുശി-ഖുശി! നാട്ടിലുള്ള ബന്ധുമിത്രാദികളും ഖുശി-ഖുശി! ഇനിയിപ്പോ കുറച്ചു കാലത്തേക്ക് 'വിശേഷ' സംബന്ധിയായ ചോദ്യങ്ങള്‍ ഒഴിവാക്കാമല്ലോ.
ചര്‍ദിയും, പുളിമാങ്ങയുമോക്കെയായി ഗര്‍ഭത്തിന്റെ ആദ്യസന്ധി കടന്നു പോയി. ഇത് ഇരട്ടഗര്‍ഭമല്ല പരട്ടഗര്‍ഭമാണെന്ന് ശ്രീകള്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.
അഞ്ചാറു മാസമായപ്പോഴേ അകത്തുള്ളവരുടെ സ്വഭാവം mummy-and-daddy-in-the-making നു മനസ്സിലായി . mute mode ഇല്‍ മൂന്നാം ലോകമഹായുദ്ധം. 'അഹമഹമികയാ ' എന്നതാണ് motto. ജനിക്കും മുമ്പേ തന്നെ സന്തതികളുടെ ഗ്രൂപ്പ് വഴക്ക് കെട്ടു ശ്രീമാനും ശ്രീമതിയും തലയില്‍ കൈവച്ചിരുന്നുപോയി !
പ്രസവത്തിനിനിയും സമയമുണ്ടല്ലോ എന്ന് കരുതി പാവം ശ്രീമാന്‍ monetary planning നടത്തിയിരുന്നില്ല. ഗത്യന്തരമില്ലാതെ Corniche Hospital ലേക്കോടി. ഡോക്ടര്‍മാര്‍ അന്തം വിട്ടു. ഇതെന്തരു ഗര്‍ഭം!
അകത്തു നടക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ പ്രശ്നം എന്താണെന്ന് മനസ്സിലാവണ്ടേ? ഭാഷയറിയാത്ത അറിവില്ലാപ്പൈതങ്ങള്‍ (വിവരം കെട്ട വഹകള്‍) -- ഇവറ്റകളോട് ആര് mediate ചെയ്യും? എങ്ങനെ?

യുദ്ധം മുറുകി. പെറാതിരിക്കാന്‍ ഡോക്ടര്‍മാര്‍ പണി പതിനെട്ടും നോക്കി. ഭാര്യയെ തല കീഴായി കെട്ടിത്തൂക്കിയ അവസ്ഥ വരെ എത്തി എന്ന് ശ്രീമാന്‍ മൊഴി. തോല്‍വി സമ്മതിച്ചു ഭിഷഗ്വരന്മാര്‍ മൊഴിഞ്ഞു: "മി. ശ്രീമാന്‍, പ്രസവം തടയാന്‍ നോ രക്ഷ! ആളപായം ഒഴിവാക്കാന്‍ ഇനിയിപ്പോ ജനുവരി വരെ കാത്തു നില്‍ക്കാന്‍ പറ്റില്ല."
അങ്ങനെ, 1985 ഒക്ടോബര്‍ 20 ന്‌ 900 വും 960 ഉം ഗ്രാം തൂക്കമുള്ള രണ്ടു ചാവാലി പെണ്‍കുഞ്ഞുങ്ങള്‍ കാലം തെറ്റി ഭൂജാതരായി. ഒരു കോഴിക്കുഞ്ഞിന്റെ കനം പോലുമില്ലാത്ത രണ്ടിനേം ജീവനോടെ കിട്ടില്ലെന്ന് ഉറപ്പായി. പക്ഷെ, കൊച്ചുങ്ങളില്‍ ഒന്നിന് ഡാര്‍വിനെ അറിയാമായിരുന്നു. (Survival of the fittest.)
ബ്രോയലര്‍ കുഞ്ഞു ജീവിച്ചു. അക്രമപരമ്പരകളുടെ കാഠിന്യം കണക്കിലെടുത്ത് ഒരു കുഞ്ഞിനു അവര്‍ 'പൂതന' എന്ന് നാമകരണം ചെയ്തു.

*********************************************

പൂതനാചരിതം ഒന്നാം ഖണ്ഡം. ഇതെന്‍റെ ആത്മകഥയാണ്. വായിക്കുമ്പോള്‍ പലതും (ചിലപ്പോള്‍ മുഴുവനും) നിങ്ങള്ക്ക് 'ചളി' ആയി തോന്നാം. ഞാനത് കാര്യമാക്കുന്നില്ല. എന്നെക്കൊണ്ട് ഇതൊക്കെ പറയിച്ചേ അടങ്ങൂ എന്ന്പറഞ്ഞ നിര്‍ബന്ധബുദ്ധികള്‍ ദു:ഖിക്കട്ടെ. No elephant can recover lost sense എന്ന് മാത്രമേ എനിക്കവരെ ഓര്‍മിപ്പിക്കാനുള്ളൂ.

സമര്‍പ്പണം: ഈ കന്നി പോസ്റ്റ്‌, ജനിക്കും മുന്‍പ് ഞാനേറെ ഉപദ്രവിച്ച, ഒരിക്കലും കാണാതെ പോയ ഇരട്ട സഹോദരിയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു (സെന്റി, സെന്റി). എന്നെപ്പോലെ ഒരെണ്ണം കൂടി ജനിക്കാതിരുന്നത് നന്നായി എന്ന് ആത്മാര്‍ഥമായി അഭിപ്രായപ്പെട്ട സുഹൃത്തുക്കള്‍ക്കും സമര്‍പ്പണത്തിന്റെ പങ്കു പറ്റാവുന്നതാണ്.7 comments:

 1. You should be writing at least in Katha!
  Just great, Vandana.

  ReplyDelete
 2. മേല്‍പ്പറഞ്ഞ നിര്‍ബന്ധ ബുദ്ധികളില്‍ ഒരുവന്‍ എന്ന അഭിമാനത്തോടെ തന്നെ പറയട്ടെ
  കലക്കി
  ബാക്കി ഖണ്ഡങ്ങള്‍ ഓരോന്നായി പോരട്ടെ
  ജയ് ചിന്ജോ

  ReplyDelete
 3. തുടക്കം വളരെ നന്നായി....!
  ഭാഷ കൊള്ളാം.
  ഇടയ്ക്കു വെച്ച് നിര്‍ത്തരുത്...തുടരണം..!
  പൂതനാചരിതത്തിന് അനിര്‍ഗ്ഗള പ്രവാഹം ആശംസിക്കുന്നു.

  ReplyDelete
 4. ഒരുമ്പെട്ടിറങ്ങിയ പൂതനെ, തുടരുക. തുടര്‍ ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 5. yaa
  പൂതനാ മോക്ഷം നടത്തുവാൻ ഞാനിതാ പിന്തുടരുന്നു
  ഈ പൂതനയുടെ പൂതിയും,ബുദ്ധിയും കൊള്ളാം കേട്ടൊ

  ReplyDelete
 6. തുടക്കം ഗംഭീര്യം!!!
  തുടരൂ..

  ReplyDelete
 7. അനുഭവങ്ങളും അറിവുകളും ഏറെ ഉള്ള, കുടുംബത്തിലെ മൂത്ത ബ്ലോഗര്‍ക്ക് ഈ അനുജന്റെ കമന്റുകള്‍ എന്നും പ്രതീക്ഷിക്കാം :)
  ഈ ചരിതം നിര്‍ത്തരുത് !!

  ReplyDelete